തൊടുപുഴ: വിസ്മയത്തിന്റെ ചെപ്പു തുറന്നു. വിദ്യാർഥികൾ ഭാവനയുടെ ചിറകിലേറിയപ്പോൾ ഇതൾ വിരിഞ്ഞത് നൂതന ആശയങ്ങളും പുത്തൻ പരീക്ഷണങ്ങളും. നിർമിതബുദ്ധിയുടെ അനന്ത സാധ്യതയിലേക്ക് വിരൽച്ചൂണ്ടുന്നതായിരുന്നു റവന്യു ജില്ലാ സ്കൂൾ ശാസ്ത്രമേളയിലെ കൗതുകക്കാഴ്ചകൾ. ഇന്നലെ ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐടി എന്നീ വിഭാഗങ്ങളിലാണ് കൗമാരപ്രതിഭകൾ മാറ്റുരച്ചത്.
ശാസ്ത്രോത്സവം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലർ ജയലക്ഷ്മി ഗോപൻ അധ്യക്ഷത വഹിച്ചു. കോട്ടയം ആർഡിഡി പി.എൻ. വിജി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലർ മുഹമ്മദ് അഫ്സൽ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.സി. ഗീത എന്നിവർ പ്രസംഗിച്ചു.
ആദ്യദിനം പിന്നിട്ടപ്പോൾ 703 പോയിന്റുമായി കട്ടപ്പന ഉപജില്ലയാണ് മുന്നിൽ. തൊടുപുഴ 631 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. അടിമാലി - 618, പീരുമേട് -532, നെടുങ്കണ്ടം - 509 എന്നിങ്ങനെയാണ് പോയിന്റു നില. സ്കൂൾതലത്തിൽ 275 പോയിന്റുമായി കൂന്പൻപാറ ഫാത്തിമ മാതാ ഗേൾസ് എച്ച്എസ്എസാണ് കുതിപ്പിലാണ്.
കരിമണ്ണൂർ സെന്റ് ജോസഫ്സ് എച്ച്എസ്എസ് 197 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇരട്ടയാർ എസ്ടി എച്ച്എസ്എസ് - 186, അട്ടപ്പള്ളം സെന്റ് തോമസ് ഇഎംഎച്ച്എസ്എസ് അട്ടപ്പള്ളം -166, മുരിക്കാശേരി എസ്എംഎച്ച്എസ്എസ് മുരിക്കാശേരി -149 എന്നിങ്ങനെയാണ് പോയിന്റുകൾ കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ന് എപിജെ അബ്ദുൾ കലാം സ്കൂളിൽ പ്രവൃത്തി പരിചയമേള നടക്കും.